തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാനും മത്സരിക്കാനുമായി നേതാക്കളെല്ലാം നെട്ടോട്ടമോടുന്ന സമയമാണിത്. സ്ഥാനാർത്ഥിത്വം കിട്ടാത്തവർ മറുകണ്ടം ചാടുന്നതും റിബലുകൾ ആകുന്നതും പതിവ് കാഴ്ചയാണ്. റിബൽ ശല്യം മൂന്നു മുന്നണികളയും വൻതോതിൽ പൊല്ലാപ്പിലാക്കുമ്പോൾ ഇതാ നാലുപേർ തങ്ങൾക്ക് സ്ഥാനാർത്ഥിത്വം വേണ്ടെന്നും ദയവായി മത്സരിക്കാൻ ആവശ്യപ്പെടരുതെന്ന അപേക്ഷയുമായി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നു.
ഈ നാലുപേരിൽ ഒരാൾ എത്ര അപേക്ഷിച്ചിട്ടും വീണ്ടും സ്ഥാനാർത്ഥി പട്ടികയിൽ അകപ്പെട്ടു കഴിഞ്ഞു. താനൂരിൽ നിന്നുള്ള എംഎൽഎയും കായിക വകുപ്പ് മന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎമ്മിന്റെ പിന്തുണ ഉള്ള സ്വതന്ത്രനും നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയുടെ നേതാവുമാണ്. മുൻ കോൺഗ്രസ് നേതാവ് കൂടിയായ അദ്ദേഹം രണ്ടുതവണയായി തിരൂരിൽ നിന്നുള്ള എംഎൽഎയാണ് ലോകസഭയിലേക്കും പലതവണ മത്സരിച്ചിട്ടുണ്ട് .
പലതരം വിവാദങ്ങൾ പ്രത്യേകിച്ചും സ്പോർട്സ് സംബന്ധമായി അകപ്പെട്ടതിനാലാകാം രാഷ്ട്രീയത്തോട് ഒരു വിമുഖത അബ്ദുറഹ്മാൻ പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളും ബിസിനസ് സംബന്ധമായ ഉത്തരവാദിത്തങ്ങളും പറഞ്ഞാണ് തന്നെ മത്സരിപ്പിക്കരുതെന്ന് സിപിഎം നേതൃത്വത്തോട് അബ്ദുറഹ്മാൻ അപേക്ഷിച്ചിരുന്നത്. എന്നാൽ വിജയ സാധ്യത മുൻനിർത്തിയാണ് ഈ 63 കാരനെ എൽഡിഎഫ് വീണ്ടും കളത്തിൽ ഇറക്കുന്നത്.
ജനതാദൾ സെക്കുലർ നേതാവും ചിറ്റൂരിൽ നിന്ന് നാലു തവണ എംഎൽഎയും ആയ ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി(81)സ്വയം മത്സര രംഗത്ത് നിന്ന് മാറുകയാണെന്ന് വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയത്തിൽ ക്ലീൻ ഇമേജ് നിലനിർത്തുന്ന കൃഷ്ണൻകുട്ടി അറിയപ്പെടുന്ന കർഷകനും സഹകരണ മേഖലയിലെ സംഘാടകനുമാണ്. വിശ്രമജീവിതം മോഹിച്ചാണ് കൃഷ്ണൻകുട്ടി മത്സരത്തിൽ നിന്ന് മാറിയത് .പാലക്കാട് ജില്ലയിലെ ജനതാദൾ നേതാവായ അഡ്വക്കേറ്റ് വി മുരുകദാസനെ ഇപ്പോൾ എൽഡിഎഫ് മത്സര രംഗത്ത് ഇറക്കി കഴിഞ്ഞു.
തൃപ്പൂണിത്തുറയിൽ നിന്നുമുള്ള കോൺഗ്രസ് എംഎൽഎയും പലതവണ മന്ത്രിയുമായ കെ . ബാബുവാണ് ( 74) സ്വയം മത്സരത്തിനില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ച മറ്റൊരു പ്രമുഖൻ '1993 മുതൽ തുടർച്ചയായി ഒരുതവണ ഒഴിച്ചാൽ തൃപ്പൂണിത്തറയിൽ നിന്ന് ജയിച്ചു കയറിയ ബാബു എന്നും ഇടതുപക്ഷ കോട്ടകളെ വിറപ്പിച്ച നേതാവാണ്. ഇത്തവണ എം സ്വരാജുമായി ഉണ്ടായ കോടതി യുദ്ധം കഴിഞ്ഞാണ് എംഎൽഎ സ്ഥാനം ഉറപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന് ബാബു പറഞ്ഞെങ്കിലും ബാബുവിന്റെ തീരുമാനം വളരെ മാതൃകാപരമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്.
നിയമസഭയിൽ ബാബുവിന് പ്രത്യേക യാത്രയയപ്പും നൽകിയിരുന്നു കേരള രാഷ്ട്രീയത്തിലെ ശാക്തിക ചേരികളെ തന്നെ നിയന്ത്രിക്കുന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ പിന്മാറ്റമാണ് മറ്റൊരു ശ്രദ്ധേയമായ സ്ഥാനത്യാഗം '1971 മുതൽ തൊടുപുഴയിൽ ജയിക്കുന്ന ജോസഫ് പത്ത് തവണ അവിടെനിന്നും ജയിച്ചു കയറി.കേരള കോൺഗ്രസിന്റെ പാർട്ടി ചെയർമാൻ കൂടിയായ അദ്ദേഹം മകൻ അപുജോൺ ജോസഫിനെയാണ് തന്റെ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത്. ജോസഫിന്റെ പിന്മാറ്റം യുഡിഎഫിലും നിയമസഭയിലും ഒരു തലമുറയുടെ തന്നെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.